Wednesday, April 29, 2015

എഴുതാതിരിക്കാൻ ഏഴ് കാരണങ്ങൾ

ഇതു തന്നെയാണോ എഴുതാൻ ഉദ്ദേശിച്ചിരുന്നത് എന്ന് എഴുത്തിനിടെ വർണ്യത്തിലാശങ്ക തോന്നുകയെന്നതാണ് എഴുതാൻ കഴിയാത്തതിൻറെ കാരണങ്ങളിലൊന്ന്. എഴുതി എഴുതി വരുമ്പോൾ തോന്നും ഇതിലെന്താ എഴുതാനായി ഉണ്ടായിരുന്നതെന്ന്!
എഴുതിയ ഓരോ വാചകങ്ങളും വായിച്ചു നോക്കുമ്പോൾ ഇത്ര ആധികാരികമായി ആ വാചകമെഴുതാൻ മാത്രം കാര്യങ്ങളറിയുമോ എന്ന സംശയമാകും മറ്റൊന്ന്! പിന്നെ നീങ്ങില്ല! ഒരു വാചകത്തിനിടെ മൂന്ന് സംശയം വച്ച് തോന്നി തുടങ്ങിയാൽ നീങ്ങുകയേ ഇല്ല!
ചിന്തകൾ കട്ട പിടിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. എഴുതാനുദ്ദേശിച്ച കാര്യത്തോടൊപ്പം, കുറെ അനുബന്ധ വിവരങ്ങൾ കൂടിച്ചേർന്ന് സത്ത നഷ്ടപ്പെടും. പശുവിനെ കയറിൽ കെട്ടിയ ശേഷം കയറിനെക്കുറിച്ച് പത്ത് വാചകമെഴുതുന്ന അവസ്ഥ!
ഇതാണോ ആത്യന്തികമായ ശരി എന്ന ദാർശനിക വ്യഥയൊഴിവാക്കുകയാണ് മറ്റൊരു കാര്യം. അതിനാദ്യമായി എനിക്കു തെറ്റുകളും പറയാനാകും എന്ന മട്ടിൽ ഈഗോയെ പാകപ്പെടുത്തേണ്ടതായുണ്ട്, ശരിയിൽ എത്ര കണ്ട് ശ്രദ്ധാലുവാകുന്നോ, അത്രകണ്ട് അക്ഷരം പുറത്തു വരാതെയാകും.
പിന്നെയൊന്നുണ്ട്! മുൻപത്തെ വാചകത്തിൽ പറഞ്ഞ അതേ കാര്യമല്ലേ ഈ പറയുന്നത്, മുൻപത്തെ പാരഗ്രാഫ് തന്നെയല്ലേ ഈ പാരഗ്രാഫും എന്ന തോന്നൽ. ആ തോന്നലിൽ വിയർത്തു കുളിക്കുന്നതിനു പകരം ഒരേ കാര്യം 50,000 തവണ ആവർത്തിച്ചെഴുതാനുള്ള സ്വാതന്ത്ര്യം സ്വയമുണ്ടെന്നങ്ങ് വിശ്വസിക്കുക.
പൊളിറ്റിക്കൽ കറക്ട്നെസ്സിൻറെ അസുഖമാണ് മറ്റൊരു പ്രശ്നം. ഒരു സന്ദർഭത്തെക്കുറിച്ച് എഴുതുമ്പോൾ, ഇതിനു സമാനമായ സന്ദർഭം ഉണ്ടാകാനുള്ള മറ്റ് സാധ്യതകളെക്കുറിച്ച് പരാമർശിച്ചില്ലല്ലോ എന്ന വ്യസനം, ഒരു വിഭാഗത്തെക്കുറിച്ച് പ്രത്യേകമായി പറയുന്നത്, ഇതര വിഭാഗങ്ങൾക്കു നൽകുന്ന ആനുകൂല്യമോ, അവഗണനയോ ആണെന്ന തോന്നൽ! മർമ്മാണിയ്ക്ക് എവിടെയും തൊടാൻ പറ്റില്ല എന്ന അവസ്ഥ. ആ രോഗമുണ്ടെങ്കിൽ ഒരക്ഷരം എഴുതാനാവില്ല!
ഉൾവിളിയുടെ പുറത്ത് തിരഞ്ഞെടുക്കുന്ന വിഷയങ്ങളെഴുതുമ്പോൾ ബ്ലോക്കുണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ആദ്യം തീർത്തും നിർവികാരമായ, വൈയക്തികമല്ലാത്ത, അത്ര പെട്ടെന്നൊന്നും എഴുതി തീർന്നു പോകാൻ ഇടയില്ലാത്ത വിഷയം നോക്കിയെടുക്കുക. മതിയാവോളം അങ്ങോട്ട് എഴുതുക.
#എഴുതാനുള്ള കഠിന ശ്രമങ്ങൾ


Thursday, February 23, 2012

to love and to be loved

പ്രണയിക്കപ്പെടുമ്പോള്‍ എനിക്ക് ഒരു തരം ആനന്ദാനുഭൂതിയും തോന്നിയിട്ടില്ല. ഉപമയും, ഉല്പ്രേക്ഷയും ചേര്‍ന്ന വാചകങ്ങള്‍ എന്നെ ബോറടിപ്പിക്കുകയും , വികാര നിര്‍ഭരമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ എന്നെ ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. എങ്കിലും ഞാന്‍ അതൊന്നും പ്രകടിപ്പിക്കാത്തത് പ്രണയിക്കുമ്പോള്‍ ഞാനും പലരെയും ഇത്തരത്തില്‍ ബോറടിപ്പിച്ചിരുന്നല്ലോ എന്നോര്‍ത്ത് മാത്രമാണ്! പ്രണയിക്കുന്നത് തന്നെയാണ് നല്ലത്, പ്രണയിക്കപ്പെടുന്നത് ഒരു മുഷിപ്പന്‍ കാര്യമാണ്! 

Thursday, January 12, 2012

വെടിയുണ്ടകള്‍

വെടിയുണ്ടകളെ നേരിടാമെന്നതായിരുന്നു മുഖ്യ അട്രാക്ഷന്‍ ! അങ്ങനെയൊക്കെ സന്തോഷം കിട്ടുമെങ്കില്‍ അതുംകൂടി ആയിക്കോട്ടെന്നു കരുതി. സന്തോഷത്തിനു കുറവുണ്ടായിട്ടൊന്നുമല്ല . ആനന്ദതുന്ദിലരായി ഞങ്ങള്‍  അങ്ങനെ ജീവിച്ചു വരികെയാണ് 'മുഖ്യഗുരു' പറഞ്ഞതോര്ത്തത് , എന്തിന്റെയും വക്കില്‍ കൂടി നടക്കുമ്പോഴേ ആസ്വദിക്കാനാകൂ എന്ന്. അപ്പൊ തീരുമാനിച്ചു 'വെടിയുണ്ടയല്ലാതൊരു ലക്ഷ്യവുമില്ലിനി' എന്ന്.  അങ്ങനെ ഉള്ളതെല്ലാം കേട്ടിപ്പറക്കി പുറപ്പെട്ടു . ഒടുവില്‍ മനസ്സിലായി. അവിടെയും കടുത്ത കൊമ്പറ്റീഷന്‍ ആണെന്ന്. വെടിയുണ്ട ഉണ്ടാക്കി കൊണ്ട് വന്നു നേരിടാന്‍ പോലും തയ്യാറായി ആളുണ്ട് . അല്ലാതെ വെടിയുണ്ട എല്ക്കണമെങ്കില്‍ ചിലപ്പോള്‍ ഒരു ദശാബ്ദം കാത്തിരിക്കേണ്ടി വരുമത്രേ! അതും വല്ല മാനിനെയോ മയിലിനെയോ നോക്കി വെച്ചവ ലക്‌ഷ്യം തെറ്റി വന്നു കൊള്ളണം. വയസ്സുകാലം വരെ കാത്തിരുന്നു ഒരു വെടിയുണ്ട കൊണ്ട് പണ്ടാരമടങ്ങിയിട്ട് എന്തോന്ന് ലാഭം!

Thursday, December 29, 2011

ഇരുട്ടിന്റെ പക്ഷികള്‍

ഓര്‍മകള്‍  എന്റെ രോഗമാണ് .
ചുറ്റിലുമത് സംക്രമിപ്പിക്കുന്ന
വാഹകയുമാണ് ഞാന്‍ .

അവളോട്:
അയലത്തെ വീട്ടിലെ ചെറുക്കനെ
നെടുകെ പിളര്‍ത്തി
സ്കൂള്‍ തൂണില്‍
ചാരി വച്ചിരുന്നതിനെപ്പറ്റി .

ഭക്തി സീരിയലുകളിലെ ജരാസന്ധനില്‍ നിന്നും പ്രചോദനം.

അവന്‍ ചെളിവെള്ളം തെറിപ്പിച്ച്
മുന്നിലേക്കോടുമ്പോള്‍ ,
മറന്നു വെച്ച അവനെയെടുക്കാന്‍
ഞങ്ങള്‍ സ്കൂളിലേക്ക് തിരിഞ്ഞോടി.

ഒരു വെള്ളിയാഴ്ച
പുസ്തകസഞ്ചി മറന്ന് സ്കൂളിലെത്തിയ
ഉച്ചനേരത്തെപ്പറ്റി.
പഞ്ഞിക്കിടക്കയില്‍ തലകുത്തി
മറിയവേ തിരിച്ചറിഞ്ഞ
ഉരസുമ്പോള്‍ തീപാറുന്ന
ശരീരങ്ങളെപ്പറ്റി.

ബാല്യത്തിന്റെ പുതപ്പിലെക്ക് ചായാന്‍
അവള്‍ കൂട്ടാക്കുന്നില്ല.
അഞ്ചും രണ്ടും വയസ്സുള്ള കുട്ടികള്‍ക്ക്
ഓര്‍മകള്‍ നെയ്യുന്ന തത്രപ്പാടിലാണവള്‍ .

അയാളോട്:
തുര്‍ക്കിഷ് നീല നിറമുള്ള
കൈപ്പടയില്‍
ചുംബിച്ചിരുന്നതിനെപ്പറ്റി,
ഏടുകള്‍ എത്ര മറിഞ്ഞു!
ദിനംപ്രതി മങ്ങുന്ന നിറങ്ങളെ
വിശ്വസിക്കാനുമാവില്ല .

ബ്രാന്റ് നെയിമറിയാത്തൊരു  സുഗന്ധം,
എത്ര പ്രിയപ്പെട്ടതായിരുന്നുവെനിക്കത്!
ഓര്‍മകളില്ലാത്തവര്‍ക്ക് മുന്നില്‍
അവരുടെ ഒഴിഞ്ഞ സുഗന്ധക്കുപ്പിയെ വര്‍ണിക്കുക
അശ്ളീലം തന്നെയാണ്.

ആ പക്ഷികള്‍ അങ്ങനെയാണ്,
അവ പറന്നു പോകുമ്പോള്‍
ഇരുട്ടിന്റെ നിറമുള്ള സുഷിരങ്ങള്‍ ശേഷിപ്പിക്കും.
അതില്‍ നിന്നും പിറക്കുന്ന   പക്ഷികള്‍
പകലിരവുകളില്‍ ഭീതിദമായി  ചിലയ്ക്കും.

Sunday, December 4, 2011

ആധിമദ്യാന്തം

'ആധിമദ്യാന്തം' എന്ന് ചാനല്‍ സ്ക്രോള്‍ . അങ്ങനെയൊരു വാക്കിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഇന്ന് ബാര്‍ ക്ളോസ് ചെയ്തുവെന്നു വിനീതനായ ബെയറര്‍ അറിയിക്കുമ്പോള്‍ ഉണ്ടാകുന്ന ആധിയെന്നോ മറ്റോ അര്‍ത്ഥം കല്‍പ്പിക്കാവുന്നതാണ്‌  .

Monday, July 18, 2011

i deserve

ഞാന്‍ ദൈവത്തോട് പറഞ്ഞു : ഇതിലുമധികം സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുവെന്ന്,
ദൈവം പറഞ്ഞു, "ഞാനുമതേ, ഞാന്‍ ആരോട് പറയും?"

Tuesday, June 7, 2011

കവചം

മിക്ക മനുഷ്യരും അഭേദ്യ മായ ഒരു കവചം ധരിച്ചിട്ടുണ്ട്. മതവിശ്വാസ മോ , വക്കുതേഞ്ഞ ഒരു കഷണം തത്വചിന്തയോ , ഗതകാലത്തില്‍ നിന്നുമുള്‍ക്കൊണ്ട ഒരു അനാവശ്യ പാഠമോ, ഇനിയും കണ്ടു പിടിക്കപ്പെട്ടില്ലാത്ത മറ്റെന്തെങ്കിലുമോ കൊണ്ടാണ് ആ കവചം നിര്‍മ്മിച്ചിരിക്കുന്നത്. ഒരുപക്ഷെ ആത്മരക്ഷയ്ക്ക് വേണ്ടിയാകാം അത്. പലര്‍ക്കും അടുത്തേക്ക് നടക്കുമ്പോള്‍ ഒരു ചില്ല് പാളിയില്‍  തട്ടിയെന്നോണം എനിക്ക് തടഞ്ഞു നില്‍ക്കേണ്ടി വന്നിട്ടുണ്ട് . എത്രയധികം ആഗ്രഹിച്ച് നാം കണ്ടെത്തുന്ന ഒരു സൌഹൃദത്തില്‍,  പ്രണയത്തില്‍ , പേരില്ലാത്ത ഒരു  മനോഹരമായ ബന്ധത്തില്‍  ഈ മനോകവചം അസ്വാഭാവികതകള്‍ സൃഷ്ടിക്കും.എന്നാല്‍ അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയെ മാര്‍ഗ്ഗമുള്ളൂ!