Friday, June 12, 2009

ഒരു നാടോടിക്കഥ

സ്വര്ണപ്പന്ത്‌ കുളത്തില്‍ നഷ്ടപ്പെട്ട രാജകുമാരി ആയാണ് അവള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ ഇരുന്നത്. അവളുടെ മിഴികളിലെ അഗാധ ദുഃഖം സ്വര്‍ണപ്പന്ത് നഷ്ടപ്പെട്ടത്‌ കൊണ്ട് മാത്റം ഉള്ളത്‌ ആയിരുന്നില്ല. തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ കേള്‍ക്കാന്‍ സമയമില്ലാതെ ടി.വി . സീരിയലുകള്‍ക്ക്‌ മുന്നില്‍ സായൂജ്യം അടയുന്ന അമ്മയെക്കൂടി ഓര്ത്തുള്ളതായിരുന്നു.

അപ്പോള്‍ ചാറ്റ് ബോക്സില്‍ നിന്നും ഒരു ശബ്ദം കേട്ടു. " രാജകുമാരി.. നിന്നെ ഞാന്‍ സഹായിക്കണോ?"
അവളുടെ വിശേഷങ്ങളും ദുഃഖങ്ങളും സുഖങ്ങളും അവന് സമ്മാനിച്ചാല്‍ നഷ്ടപ്പെട്ട സ്വര്ണപ്പന്ത്‌ മുങ്ങിയെടുത്ത് നല്‍കാമെന്ന് ശബ്ദം തുടര്‍ന്നു. രാജകുമാരിക്ക് നിസ്സഹായമായ തന്റെ ഏകാന്തതയില്‍ നിന്നു ഒരു മോചനം അത്യാവശ്യമായിരുന്നു. അവള്‍ ചാറ്റ് ബോക്സില്‍ മുഖം ചേര്‍ത്ത് എന്ടര് കീ അമര്‍ത്തി. തന്റെ സേവനത്തിനു പകരമായി തന്നെ ജീവിതസഖാവാക്കണം എന്ന് അശരീരി ശബ്ദം അഭ്യര്‍ത്ഥിച്ചു. ആശയ്ക്ക് വകയില്ലാത്ത റിയല്‍ ലോകത്തേക്കാള്‍ എന്ത് കൊണ്ടും സുന്ദരമായ വിറ്ച്വല്‍ ലോകത്തേക്ക്‌ അവള്‍ കൈ നീട്ടി. നഷ്ടപ്പെട്ട സ്വര്ണപ്പന്ത്‌ അവള്‍ക്കുള്ള സമ്മാനമായി സ്ക്രീനില്‍ ഉയര്‍ന്ന്‍ വന്നു.

ഒരു ദിവസം രാജകുമാരിയെ തേടി ആ ജീവിതസഖാവ് എത്തി. തന്റെ രാജകുമാരന്റെ തേജോമുഖം കൊതിച്ച അവള്‍ കണ്ടത്‌ തവളയെ ആയിരുന്നു. വാഗ്ദാനം പാലിക്കാന്‍ അവളെ ക്ഷണിച്ചു കൊണ്ട് തവള കൈകള്‍ നീട്ടി. മാംസനിബദ്ധമല്ല പ്രണയമെന്നു സ്വയം വിശ്വസിപ്പിക്കാന്‍ രാജകുമാരി കിണഞ്ഞു ശ്രമിച്ചു. തന്റെ പ്രണയം മാംസനിബദ്ധം തന്നെയാണെന്ന തിരിച്ചറിവില്‍ തവളയുടെ കൈകള്‍ തട്ടി മാറ്റി രാജകുമാരി ഓടുവാന്‍ തുടങ്ങി.

പുറകെ ചാടിച്ചാടി ചെന്ന തവള ചോദിച്ചു " ആരാണ് നിന്റെ ചാറ്റ് റൂമിലേക്ക്‌ പുതുതായി എത്തിയ കാമുകന്‍? പറയൂ നിന്റെ പാസ്‌ വേര്‍ഡ്‌ . ചെക്ക്‌ ചെയ്യട്ടെ ഞാന്‍ നിന്റെ അക്കൗണ്ട്‌.

രാജകുമാരിയില്‍ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിച്ചു. വെറുമൊരു തവളയായ നിനക്ക് ഞാന്‍ പാസ്‌ വേര്‍ഡ്‌ തരണമെന്നോ?

വെറുമൊരു തവളയോ? നിന്റെ അവകാശിയാണ് ഞാന്‍. തവള അവള്‍ക്ക്‌ പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു.

രാജകുമാരിക്കും സംശയമായി. ഇവന്‍ തന്റെ അവകാശി എങ്ങാനും ആയിരിക്കുമോ? തികട്ടി വന്ന അങ്കലാപ്പില്‍ രാജകുമാരിയുടെ മുഖം ചുവന്നു. കൈയില്‍ കിടിയതൊക്കെ തവളയ്ക്ക് നേരെ വലിച്ചെറിഞ്ഞിട്ടും അവന്‍ അവകാശവാദത്തോടെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒടുവില്‍ രാജകുമാരി സൈബര്‍ ക്രയിം സെല്ലില്‍ അഭയം തേടി.

2 comments:

idiot of indian origin said...

girl, why didn,t you kiss the frog and transform him into your knight in shining armor?... Well,then again, all frogs are not kissable - especially the species that claim to 'OWN'you!! i understand.
-muralee maadhav.

biswajith said...

ha ha .... i dont know ..whether its the sarcasm or the actual truths that made it all interesting dear. thavalayudeyum rajakumariyudeyum edayile lokam thats not a complicated thing alle .... anyway i like it ....

aa varikalile sangadam manassilakki ...prethyekichu onnum chaiyuvanillathe

mattoru stylan thavala

Byshi