Wednesday, October 12, 2011

indian rupee review

മലയാളത്തില്‍ സാധാരണ ഇറങ്ങുന്ന ചിത്രങ്ങളേക്കാള്‍ നിലവാരമോ, അവയോടൊപ്പം നിലവാരമോ 'ഇന്ത്യന്‍ റുപീ' പുലര്‍ത്തുന്നുണ്ട്. രഞ്ജിത്തിന്റെ ചിത്രമെന്ന നിലയില്‍ മാത്രമാണു ആ ചിത്രത്തിനു നിലവാരക്കുറവ് അനുഭവപ്പെടുന്നത്. ഇന്ത്യന്‍ റുപീ എന്ന ചിത്രത്തെ രഞ്ജിത്തിന്റെ തന്നെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ കാരണം ഞാന്‍ കറ തീര്‍ത്ത ഒരു രഞ്ജിത്ത് അനുഭാവി ആണെന്നുള്ളതാണ്‌. അങ്ങനെ നോക്കുമ്പോള്‍ തിലകന്റെയും, ജഗതി ശ്രീകുമാറിന്റെയും അഭിനയത്തിന്റെ നിലവാരം മാത്രമായിരിക്കും ചിത്രത്തിന്റെ മേന്മയായി കരുതാന്‍ ആകുന്നത്.
തിരക്കഥയില്‍ സാധാരണ രഞ്ജിത്ത് ചിത്രങ്ങളില്‍ കാണാത്ത തരം, അനാവശ്യ വാചകങ്ങള്‍ ധാരാളമായി ഉള്‍പ്പെട്ടിരിക്കുന്നു. കഥാ സന്ദര്‍ഭത്തെ വാക്കുകളില്‍ കൂടി അവതരിപ്പിക്കുക ഒരു മോശം ടെക് നിക്ക് ആണെന്ന് തോന്നും വിധം ഇത്തരം വാചകങ്ങളുടെ ധാരാളിത്തം ചിത്രത്തിലുണ്ട്.. ഉദാഹരണമായി 'റിമ കല്ലിംഗല്‍' അവതരിപ്പിക്കുന്ന കഥാപാത്രം ഡോക്ടര്‍ ആണെന്ന് സ്ഥാപിക്കാന്‍ ആവശ്യമില്ലാത്ത വാചകങ്ങള്‍ , അഥവാ സന്ദര്ഭത്തോട് നീതി പുലര്‍ത്താത്ത വാചകങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥാഗതിയില്‍ സ്വാഭാവികമായും പ്രേക്ഷകനെ അറിയിക്കാന്‍ അവസരമുള്ള അത്തരം ഒരു കാര്യം വാചകമടിയിലൂടെ അവതരിപ്പിച്ചത് അസാധാരണമായി തോന്നി.
പ്രിഥ്വിരാജിന്റെ കഥാപാത്രമാകട്ടെ കോഴിക്കോടന്‍ ശൈലി വരുത്താന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ മറ്റെല്ലാം മറന്നു പോയി. കോഴിക്കോടന്‍ ശൈലി സ്വാഭാവികമായുമില്ല, അഭിനയം ശരാശരി നിലവാരം പുലര്‍ത്തിയുമില്ല. സുന്ദരനായ ഒരു നായകന്‍ എന്നതില്‍ കവിഞ്ഞ ഒരു യോഗ്യതയും ജയപ്രകാശിന് നല്‍കാന്‍ പ്രിഥ്വിരാജിന് ആയിട്ടില്ല. 'കിരീടം' ടൈപ്പ് മോഹന്‍ലാലിനു മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന, പ്രേക്ഷകനെ നായകന്‍റെ അസ്ഥിത്വം ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് ഇത്തരത്തില്‍ ശൂന്യനാക്കിയത് എന്നതാണ് ദയനീയം.
പല ഇടങ്ങളിലും തമാശ തീരെ ഏല്‍ക്കാതെ പോയി. വിരലില്‍ എണ്ണാവുന്ന സിറ്റുവേഷനുകളില്‍ മാത്രമാണു നല്ല തമാശ രംഗങ്ങള്‍ കണ്ടത്. മറ്റുള്ളവ കൃതൃമമോ , ക്ലീഷേയോ ആയിരുന്നു . ആദ്യമായി ജയ പ്രകാശിനെ സഹോദരി വിളിച്ചുണര്ത്തുന്ന രംഗത്തില്‍ , പടികള്‍ കയറുന്ന അനിയത്തി വൃദ്ധ സ്വരത്തില്‍ 'ജയപ്രകാശേ ' എന്ന് വിളിക്കുന്നുണ്ട്. സ്കൂള്‍ യുവജനോത്സവ വേദികളില്‍ പോലും ആവര്‍ത്തിച്ചു കാണാറുള്ള ഈ രംഗം ഒരു രഞ്ജിത്ത് ചിത്രത്തില്‍ കാണുമ്പോള്‍, ഇങ്ങനെ സിനിമ ചെയ്യാന്‍ ഒരു രഞ്ജിത്ത് തന്നെ വേണമോ എന്ന് തോന്നി.
തിലകന്റെ അഭിനയം , താന്‍ നല്ല സിനിമ കളുടെ അനിവാര്യത ആണെന്ന് വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു. ഒരു പക്ഷെ സിനിമ സംഘടന കളുടെ ഇത്തരം അപക്വമായ നടപടികള്‍ എത്രയോ നല്ല കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകന് നഷ്ടമാക്കി യിട്ടുണ്ടാകും?

3 comments:

ajith said...

പടം കണ്ടില്ല. ഈ അവലോകനം വായിച്ചിട്ട് കാണാന്‍ തോന്നുന്നുണ്ട്

Thulasi Das said...

ranjithinte chitram enna munvidhi illathe chitram kanuka. avalokanathile bhasha nannayittund.

നീലാംബരി said...

Din watch the movie yet. Will watch soon. Well said

http://neelambari.over-blog.com/