Sunday, November 20, 2011

സി പി എം വിഭാഗീയതയില്‍ എവിടെയാണ് വാര്‍ത്ത!

എന്റെ വീട്ടില്‍ ഒരു പ്രശ്നം ഉണ്ടെങ്കില്‍ , അയലത്തെ വീട്ടുകാരന്‍ അത് അറിഞ്ഞേക്കാം, പക്ഷെ അയാള്‍ നോട്ടീസ് അടിച്ചിറക്കി നാട് നീളെ വിതരണം ചെയ്യുന്നത് കൊണ്ട് എനിക്കോ ,വായിക്കുന്നവനോ, പ്രസ് ഉടമയ്ക്കോ എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ? എന്റെ വീട്ടില്‍ ഇനിയും പ്രശ്നം ഉണ്ടാകാം, അത് സ്വാഭാവികമാണ്, ഒരു പൊയന്റില്‍ വെച്ച് വളര്‍ച്ച മുരടിച്ചതല്ല ആ പ്രസ്ഥാനം എങ്കില്‍ , ഏത് പ്രസ്ഥാനമാണ് വിഭാഗീയതയ്ക്ക് അതീതമാകുന്നത്?

ഇനി സി പി എം ആ വിഭാഗീയത മൂടി വെയ്ക്കാന്‍ ശ്രമിക്കുന്നതിനാല്‍ , അന്വേഷണാത്മകമായാണ് നാമതിനെ സമീപിക്കുന്നതെന്നിരിക്കില്‍ , അത്തരത്തില്‍ അന്വേഷിക്കേണ്ട എത്രയോ പ്രശ്നങ്ങള്‍ , പൊതുജനത്തെ ബാധിക്കുന്നവ നമുക്ക് ചുറ്റുമുണ്ട്! അഥവാ വിഭാഗീയത ഉണ്ടെന്നു തെളിഞ്ഞാലോ, ഇനി ആ വിഭാഗീയത പരിഹരിക്കപ്പെട്ടാലോ വെറുമൊരു വോട്ടര്‍ക്ക് എന്ത് ഗുണം ലഭിക്കും?

ഇനിയും ജീര്‍ണത ബാധിക്കാത്ത കമ്മ്യൂണിസം നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കാന്‍ ഇടതു പക്ഷ മനസ്സുള്ള പത്രപ്രവര്‍ത്തകര്‍ കണ്ടെത്തുന്ന പഴുതാണോ ഈ വിഭാഗീയതയിലൂടെയുള്ള ഊളിയിടല്‍ ? ഒരു ഭാഗം ധര്‍മവും നീതിയും പുലര്‍ത്തുന്നവരും, മറു ഭാഗം മുതലാളിത്തത്തിന്റെ പിണിയാളുകളും എന്ന് വിശ്വസിക്കാന്‍ നമുക്ക് സ്വാഭാവിക ത്വരയുണ്ടാകും, കാരണം നാം ഇന്നോളം കേട്ട കഥകളിലെല്ലാം വ്യക്തമായ രണ്ട പക്ഷങ്ങളുണ്ട്.  മര്യാദാ പുരുഷോത്തമനായ രാമന്റെ പക്ഷം, രാക്ഷസ രാജാവായ രാവണന്റെ പക്ഷം, ധര്‍മിഷ്ടരായ പാണ്ഡവരുടെ പക്ഷം, അധര്‍മികളായ കൌരവരുടെ പക്ഷം.  ഇതൊക്കെ ഭാവനയില്‍ കണ്ട് വിപ്ളവം നടക്കുമെന്ന് ഊറ്റം കൊള്ളാം എന്നല്ലാതെ മറ്റെന്ത് ഗുണം!
ഇടതു പക്ഷത്തില്‍ വിഭാഗീയത പാടില്ലെന്നും, ഭൂരിപക്ഷാഭിപ്രായം മാനിക്കപ്പെടണമെന്നുമുള്ള ചിന്തകള്‍ തന്നെ അശാസ്ത്രീയമാണ്. വ്യക്തി എങ്ങനെ ഒരു ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങും. ഒരാളുടെ ബൌദ്ധികവും ആത്മീയവുമായ അസ്തിത്വത്തെ എങ്ങനെ ഒരു ജനക്കൂട്ടത്തിന്റെ ചിന്തയായി ഒതുക്കാനാകും?
എന്നാല്‍ വിഭാഗീയത തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. അത് വായിച്ചും,അതില്‍ ഗവേഷണം നടത്താന്‍ ചിലവാക്കുന്ന സമയം ആര്‍ക്കെങ്കിലും ഗുണപ്പെടുന്ന രീതിയില്‍  വിനിയോഗിക്കുന്നതാകും നല്ലത്.

0 comments: