Wednesday, April 29, 2015

എഴുതാതിരിക്കാൻ ഏഴ് കാരണങ്ങൾ

ഇതു തന്നെയാണോ എഴുതാൻ ഉദ്ദേശിച്ചിരുന്നത് എന്ന് എഴുത്തിനിടെ വർണ്യത്തിലാശങ്ക തോന്നുകയെന്നതാണ് എഴുതാൻ കഴിയാത്തതിൻറെ കാരണങ്ങളിലൊന്ന്. എഴുതി എഴുതി വരുമ്പോൾ തോന്നും ഇതിലെന്താ എഴുതാനായി ഉണ്ടായിരുന്നതെന്ന്!
എഴുതിയ ഓരോ വാചകങ്ങളും വായിച്ചു നോക്കുമ്പോൾ ഇത്ര ആധികാരികമായി ആ വാചകമെഴുതാൻ മാത്രം കാര്യങ്ങളറിയുമോ എന്ന സംശയമാകും മറ്റൊന്ന്! പിന്നെ നീങ്ങില്ല! ഒരു വാചകത്തിനിടെ മൂന്ന് സംശയം വച്ച് തോന്നി തുടങ്ങിയാൽ നീങ്ങുകയേ ഇല്ല!
ചിന്തകൾ കട്ട പിടിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. എഴുതാനുദ്ദേശിച്ച കാര്യത്തോടൊപ്പം, കുറെ അനുബന്ധ വിവരങ്ങൾ കൂടിച്ചേർന്ന് സത്ത നഷ്ടപ്പെടും. പശുവിനെ കയറിൽ കെട്ടിയ ശേഷം കയറിനെക്കുറിച്ച് പത്ത് വാചകമെഴുതുന്ന അവസ്ഥ!
ഇതാണോ ആത്യന്തികമായ ശരി എന്ന ദാർശനിക വ്യഥയൊഴിവാക്കുകയാണ് മറ്റൊരു കാര്യം. അതിനാദ്യമായി എനിക്കു തെറ്റുകളും പറയാനാകും എന്ന മട്ടിൽ ഈഗോയെ പാകപ്പെടുത്തേണ്ടതായുണ്ട്, ശരിയിൽ എത്ര കണ്ട് ശ്രദ്ധാലുവാകുന്നോ, അത്രകണ്ട് അക്ഷരം പുറത്തു വരാതെയാകും.
പിന്നെയൊന്നുണ്ട്! മുൻപത്തെ വാചകത്തിൽ പറഞ്ഞ അതേ കാര്യമല്ലേ ഈ പറയുന്നത്, മുൻപത്തെ പാരഗ്രാഫ് തന്നെയല്ലേ ഈ പാരഗ്രാഫും എന്ന തോന്നൽ. ആ തോന്നലിൽ വിയർത്തു കുളിക്കുന്നതിനു പകരം ഒരേ കാര്യം 50,000 തവണ ആവർത്തിച്ചെഴുതാനുള്ള സ്വാതന്ത്ര്യം സ്വയമുണ്ടെന്നങ്ങ് വിശ്വസിക്കുക.
പൊളിറ്റിക്കൽ കറക്ട്നെസ്സിൻറെ അസുഖമാണ് മറ്റൊരു പ്രശ്നം. ഒരു സന്ദർഭത്തെക്കുറിച്ച് എഴുതുമ്പോൾ, ഇതിനു സമാനമായ സന്ദർഭം ഉണ്ടാകാനുള്ള മറ്റ് സാധ്യതകളെക്കുറിച്ച് പരാമർശിച്ചില്ലല്ലോ എന്ന വ്യസനം, ഒരു വിഭാഗത്തെക്കുറിച്ച് പ്രത്യേകമായി പറയുന്നത്, ഇതര വിഭാഗങ്ങൾക്കു നൽകുന്ന ആനുകൂല്യമോ, അവഗണനയോ ആണെന്ന തോന്നൽ! മർമ്മാണിയ്ക്ക് എവിടെയും തൊടാൻ പറ്റില്ല എന്ന അവസ്ഥ. ആ രോഗമുണ്ടെങ്കിൽ ഒരക്ഷരം എഴുതാനാവില്ല!
ഉൾവിളിയുടെ പുറത്ത് തിരഞ്ഞെടുക്കുന്ന വിഷയങ്ങളെഴുതുമ്പോൾ ബ്ലോക്കുണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ആദ്യം തീർത്തും നിർവികാരമായ, വൈയക്തികമല്ലാത്ത, അത്ര പെട്ടെന്നൊന്നും എഴുതി തീർന്നു പോകാൻ ഇടയില്ലാത്ത വിഷയം നോക്കിയെടുക്കുക. മതിയാവോളം അങ്ങോട്ട് എഴുതുക.
#എഴുതാനുള്ള കഠിന ശ്രമങ്ങൾ


5 comments:

ജയിംസ് സണ്ണി പാറ്റൂർ said...

2012 മുതൽ 2015 വരെയുള്ള അകൽച്ച അവസാനിച്ചതു് വീണ്ടും വായിയ്ക്കാനെത്തിയ
പ്പോൾ.എഴുതണോ വേണ്ടയോ എന്ന സന്ദിഗ്ദ്ധാ
വസ്ഥയാണു് ഈടുറ്റ എഴുത്തിലേക്കുള്ള പ്രവാഹമായി തീരുന്നതു്.

Cv Thankappan said...

പറമ്പില്‍ വാഴ ഒടിച്ചിടുന്ന പശുവിനെ അടിക്കാന്‍‌ വടിയെടുത്ത് ചെല്ലുന്ന നമ്പൂതിരിയുടെ കഥയാണ്‌ എനിക്കോര്‍മ്മ വരുന്നത്......
പ്രായമേറിയപ്പോഴാണ് എഴുതാനൊരു ശങ്ക പിടികൂടിയത്.ചെറുപ്പത്തില്‍ ഇഷ്ടംപോലെ എഴുതിയിരുന്നതാണ്‌.ഇപ്പോള്‍ മക്കളും,മക്കളുടെമക്കളും പോലുള്ളവര്‍ വായിച്ചാല്‍,എഴുത്തില്‍ 'അതിപ്രസര'മുണ്ടെങ്കില്‍ അവര്‍ക്കെന്തു തോന്നും!ആ ചിന്തയില്‍ എഴുതിയവ തന്നെ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.നമ്പൂതിരിയെപ്പോലെ വടി ഓങ്ങുമ്പോള്‍ അടി തെറ്റി അസ്ഥാനത്ത്‌ കൊള്ളുമോ എന്ന ശങ്കയോടെയുള്ള പിന്മാറ്റം.ശ്രമിക്കാം അല്ലേ.......
ആശംസകള്‍

A Simple Pendulum said...
This comment has been removed by the author.
A Simple Pendulum said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

എഴുതൂ...